രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്എഫ്‌ഐ ആക്രമണം: യുഡിഎഫ് നേതാക്കള്‍ വയനാട്ടിലേക്ക്

Update: 2022-06-24 14:33 GMT

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫിസിനു നേരെ നടന്ന എസ്എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധം വ്യാപകം. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവര്‍ വയനാട്ടിലേക്കു തിരിച്ചു.

ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് വൈകീട്ടോടെ എസ്എഫ്‌ഐക്കാര്‍ സംഘടിച്ചെത്തി വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്തത്. ആക്രമണത്തില്‍ ഓഫിസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

ആദ്യം കാഴ്ചക്കാരായി നിന്ന പോലിസ് പിന്നീട് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്‌ഐ അക്രമത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎല്‍എ ആരോപിച്ചു.

അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലിസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തില്‍ രണ്ട് ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫിസിലെ കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.