ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വര്‍ഷം കഠിനതടവ്

കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി(53)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്

Update: 2022-02-11 10:41 GMT

തിരുവനന്തപുരം: ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി(53)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 50000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ഉത്തരവിട്ടു.

2019 ജൂണ്‍ 27 വൈകീട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് കുട്ടി വാടകയ്ക്ക് താമസിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞിട്ട്മൂന്നാം ക്ലാസ്സുകാരനായ കുട്ടി തിരിച്ച് വരവെ പ്രതി കുട്ടിയെ തന്റെ വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു.

കുട്ടി തന്നെ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. പീഡനത്തില്‍ ഭയന്ന കുട്ടി പ്രതിയെ തള്ളി മാറ്റി. ഈ സമയം പ്രതി കുട്ടിയെ ബലമായി തടഞ്ഞ് വെച്ച് പീഡനവിവരം ആരോടും പറയരുതെന്ന് പറഞ്ഞു. പ്രതിയുടെ വീട്ടിലാണ്കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവിന് വിദേശത്തായിരുന്നു ജോലി. പ്രതിയെ ഭയന്ന് കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാര്‍ പുറത്ത് പോകാന്‍ തുടങ്ങവെ കുട്ടിയെ പ്രതിയുടെ വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി കരഞ്ഞു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടിപീഡന വിവരം പുറത്ത് പറഞ്ഞത്. എന്നാല്‍ പ്രതി വീട്ടുടമ ആയതിനാല്‍ പരാതി കൊടുക്കാന്‍ വീട്ടുകാര്‍ ഭയന്നു. ഉടനെ വേറെ വീട്ടിലേക്ക് മാറിയതിന് ശേഷമാണ് ഫോര്‍ട്ട് പോലിസില്‍ പരാതി നല്‍കിയത്. പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. നഷ്ടപരിഹാരം കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. ഫോര്‍ട്ട് എസ്‌ഐയായിരുന്ന എംകെ പ്രമോജാണ് കേസ് അന്വേഷിച്ചത്. പത്ത് സാക്ഷികളേയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

Tags:    

Similar News