സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസ്: കോടതി നിരീക്ഷണം ദൗര്‍ഭാഗ്യകരമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ഇരകളും നീതി തേടി കോടതിയിലെത്തുന്നവരും പ്രതികളായി മാറുന്ന സംഭവങ്ങള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ആവര്‍ത്തിക്കപ്പെടുകയാണ്

Update: 2022-08-18 09:46 GMT

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിനോടനുബന്ധിച്ചു നടത്തിയ നിരീക്ഷണം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അഡ്വ.സിമി എം ജേക്കബ്. 'പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നുമുള്ള കോടതി നിരീക്ഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഇരകളും നീതി തേടി കോടതിയിലെത്തുന്നവരും പ്രതികളായി മാറുന്ന സംഭവങ്ങള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഇത് പൊതുസമൂഹത്തില്‍ ജുഡീഷ്യറിയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടാനിടയാക്കും. ജാമ്യാപേക്ഷയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലപ്പുറം കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ജാമ്യം നല്‍കുന്നത് നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. കുറ്റാരോപിതന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കേസിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്നു എന്നത് ഏറെ അപകടകരമാണ്. അതിജീവിതയുടെ നീതി നിഷേധിക്കുന്നതിനപ്പുറം ഇരയാക്കപ്പെടുന്നവര്‍ക്ക് നിയമപോരാട്ടത്തിനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഈ ഉത്തരവ്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്നതാണ് ഇത്തരം ഉത്തരവുകളെന്നും അഡ്വ. സിമി എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News