ലൈംഗികാതിക്രമ കേസ്: 'മഞ്ഞുമ്മല്‍ ബോയ്സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

Update: 2026-03-09 06:58 GMT

കൊച്ചി: നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസില്‍ 'മഞ്ഞുമ്മല്‍ ബോയ്സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചു.

സിനിമയുടെ നിര്‍മ്മാണവേളയിലുണ്ടായ തികച്ചും പ്രൊഫഷണലായ ഇടപെടലുകള്‍ മാത്രമാണ് നടിയുമായി ഉണ്ടായിരുന്നതെന്നും നാല് വര്‍ഷത്തോളം വൈകി നല്‍കിയ പരാതി തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

പരാതിക്കാരി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട്, കേസ് റിപോര്‍ട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം, ചിദംബരത്തിനെതിരായ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തടഞ്ഞുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

2022 മേയ് മാസത്തില്‍ ഫ്‌ലാറ്റില്‍ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

Tags: