ലൈംഗിക പീഡനക്കേസിലെ പ്രതി ചൈതന്യാനന്ദ സരസ്വതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസിലെ പ്രതി ചൈതന്യാനന്ദ സരസ്വതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച കേസിലാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പ്രാഥമിക തെളിവുകള്‍ ഹാജരാക്കിയതിന് ശേഷമാണ് തീരുമാനം.
ചൈതന്യാനന്ദ സരസ്വതി കാറില്‍ വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് യാത്ര ചെയ്തത്. ഈ പ്രവൃത്തി മനപൂര്‍വ്വം ചെയ്തതാണെന്നും ഇത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും പോലിസ് പറഞ്ഞു. ഗുരുതരമായ കൃത്യമാണ് നടന്നതെന്ന് പറഞ്ഞ കോടതി സംഭവത്തില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും സമയബന്ധിതമായി സമര്‍പ്പിക്കാന്‍ പോലിസിനോട് നിര്‍ദേശിക്കുകയും ചെയ്തു.
16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചൈത്യാനന്ദ സരസ്വതി നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്നു ചൈത്യാനന്ദ. മതപരമായ വ്യക്തിത്വവും സ്ഥാനവും മുതലെടുത്ത് തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയായിരുന്നു. സെപ്റ്റംബറില്‍ ആഗ്രയില്‍ വെച്ചാണ് ചൈത്യാനന്ദയെ അറസ്റ്റു ചെയ്തത്.
32 വിദ്യാര്‍ഥിനികളെ ചൈതന്യാനന്ദ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു എഫ്ഐആര്‍. അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പോലിസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി പോലിസ് കണ്ടെത്തിയിരുന്നു. സ്വാമി ചൈതന്യക്കെതിരെ നിരവധി വിദ്യാര്‍ഥിനികളാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്.
സൗജന്യ വിദേശ യാത്രയും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വാമി പെണ്‍കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. കാറുകള്‍, ഐഫോണുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥിനി പറഞ്ഞു. അഡ്മിഷന്‍ സമയത്തു തന്നെ വിദ്യാര്‍ഥിനികളെ നോട്ടമിടും. ഉയര്‍ന്ന മാര്‍ക്ക്, വിദേശ ഇന്റേണ്‍ഷിപ്പുകള്‍, മികച്ച പ്ലേസ്‌മെന്റുകള്‍ തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികളെ സമീപിക്കും. ചൈതന്യാനന്ദ സരസ്വതി തന്നെയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.
122 കോടി രൂപയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ചൈതന്യാനന്ദ. വിവിധ കേസുകളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 50 ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 18 ബാങ്ക് അക്കൗണ്ടുകളും 28 സ്ഥിരനിക്ഷേപങ്ങളും ഇയാളുടെ പേരിലുണ്ടായിരുന്നു. എല്ലാം കൂടി ഏകദേശം എട്ട് കോടി രൂപ വരും. ഇതിനുപിന്നാലെ അന്വേഷണ സംഘം ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

