ബെലഗാവി: ചിത്രദുര്‍ഗ മുരുക മഠാധിപതിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതില്‍ മനംനൊന്ത് ഗുരു മടിവാളേശ്വര മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിജി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ നെഗിനഹല ഗ്രാമത്തില്‍ തന്റെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ചിത്രദുര്‍ഗ മഠത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും എങ്ങനെ ചൂഷണം ചെയ്യപ്പെട്ടുവെന്ന് ചര്‍ച്ച ചെയ്യുന്ന രണ്ട് സ്ത്രീകള്‍ തമ്മിലുള്ള സംഭാഷണം അടങ്ങിയ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ട് സ്ത്രീകളും ബസവ സിദ്ധലിംഗ സ്വാമിജിയുടെ പേര് ചര്‍ച്ചയില്‍ ഉന്നയിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.
ഞായറാഴ്ച രാത്രി വൈകിയും ബസവ സിദ്ധലിംഗ സ്വാമി ഭക്തരുമായി സംസാരിച്ചിരുന്നതായി പോലിസ് പറഞ്ഞു. തന്റെ പരാമര്‍ശം ഓഡിയോയില്‍ വന്നതില്‍ തനിക്ക് വേദനയുണ്ടെന്നും ജീവിക്കാന്‍ തോന്നുന്നില്ലെന്നും അദ്ദേഹം ഭക്തരോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. സ്വാമിജിയുടെ മരണക്കുറിപ്പിനായി തിരച്ചില്‍ നടത്തി വരികയാണെന്നും ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും പോലിസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ബംഗളൂരു ചിത്രദുര്‍ഗ മുരുക മഠാധിപതി ശിവമൂര്‍ത്തി മുരുക ശരണരുവ അറസ്റ്റിലായത്.
ജില്ല ബാല വികസനസംരക്ഷണ യൂനിറ്റ് ഓഫിസര്‍ ചന്ദ്രകുമാറിന്റെ പരാതിയില്‍ മുരുക ശരണരുവിനും മറ്റ് നാല് പേര്‍ക്കുമെതിരെ മൈസൂരു നസര്‍ബാദ് പോലിസ് പോക്‌സോ കേസെടുത്തിരുന്നു. മൈസൂരില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ജിഒയില്‍ അഭയം തേടിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ പീഡനവിവരം പുറത്ത് പറഞ്ഞത്.
