സിലിഗുരി: പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ എട്ട് മാസമുളള ഒരു കുട്ടി ശ്വാസകോശ രോഗവും പനിയും ബാധിച്ച് മരിച്ചു. സമാനമായ ലക്ഷണങ്ങളോടെ ഇതുവരെ ഒമ്പത് കുട്ടികള്‍ മരിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളില്‍ 27 കുട്ടികളെ പീഡിയാട്രിക് വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സന്‍ജയ് ചക്രബര്‍ത്തി പറഞ്ഞു. അതില്‍ 10 കുട്ടികള്‍ക്ക് കടുത്ത ശ്വാസകോശ രോഗം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കുട്ടികളെ മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്ത് മെഡിക്കല്‍ കോളജിലെത്തിയതാണ്. ഇതുവരെ 56 കുട്ടികളെ സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ആരും കൊവിഡ് പോസിറ്റീവല്ല.
സ്ഥിതിഗതികള്‍ നേരിടുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചു.
തങ്ങളുടെ കുട്ടികള്‍ക്ക് ശ്വാസതടസ്സമോ പനിയോ ബാധിച്ചതായി കണ്ടാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഡോ. ചക്രബര്‍ത്തി പറഞ്ഞു.
അതേസയമം കുട്ടികളുടെ മരണം രക്ഷിതാക്കളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ചോദ്യം ചോദിക്കുന്ന രക്ഷിതാക്കളുടെ മക്കളെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.