സംസ്ഥാനത്ത് കടുത്ത ചൂട്; ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Update: 2026-02-10 11:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം ശക്തമാകുന്നതിന് മുന്‍പേ തന്നെ താപനില അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പല ജില്ലകളിലും താപനില സാധാരണ നിലയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

സൂര്യാഘാതം, സൂര്യാതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു. പ്രത്യേകിച്ച് പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മമി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ഈ സമയത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കൂടുതലായിരിക്കുമെന്നതിനാലാണ് മുന്നറിയിപ്പ്. ദാഹമില്ലെങ്കിലും ഇടവേളകളില്‍ മതിയായ അളവില്‍ വെള്ളം കുടിക്കണം. നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചു.

കഠിനമായ വെയിലില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയക്രമത്തില്‍ മാറ്റം വരുത്തണം. ഉച്ചസമയത്ത് നിര്‍ബന്ധിത വിശ്രമം ഉറപ്പാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുകയും കുട്ടികളെ വെയിലത്ത് നിര്‍ത്തുന്ന അസംബ്ലികള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കുകയും വേണം. പരീക്ഷാ ഹാളുകളില്‍ കുടിവെള്ളം നിര്‍ബന്ധമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവര്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. മാര്‍ക്കറ്റുകള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ തീപിടിത്ത സാധ്യത ഒഴിവാക്കാന്‍ ഫയര്‍ ഓഡിറ്റ് നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ നേരിട്ട് വെയിലത്ത് കെട്ടിയിടരുതെന്നും പക്ഷിമൃഗാദികള്‍ക്ക് തണലുള്ള ഇടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Tags: