ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; യുപിയില്‍ മഴക്കെടുതിയില്‍ നാലു മരണം

Update: 2022-10-09 06:56 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. ആനന്ദ് വിഹാര്‍, വസീറാബാദ്, ഐഎന്‍എ മാര്‍ക്കറ്റ്, എയിംസ് എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഡല്‍ഹിയില്‍ താപനില 10 ഡിഗ്രിയായി താഴ്ന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി, ഇറ്റാ, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഗ്രാമങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചു. പലയിടങ്ങളിലും രൂക്ഷമായ ഗതാഗത തടസം നേരിട്ടു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മുംബൈയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.