കടലാക്രമണം: കോഴിക്കോട് ജില്ലയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ചേമഞ്ചേരി വില്ലേജില്‍ 17, 13 ,18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കാപ്പാട്, മുനമ്പത്ത്, അഴീക്കല്‍, കണ്ണന്‍ കടവ് എന്നീ തീരദേശ മേഖലകളിലുണ്ടായ അതി രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് 80 വീടുകളില്‍ നിന്നായി 390 പേര്‍ ബന്ധുവീട്ടിലേക്കും മറ്റ് അയല്‍വീട്ടിലേക്കും താല്‍ക്കാലികമായി താമസം മാറ്റി.
പേരാമ്പ്ര വില്ലേജില്‍ തൊള്ളറവയലില്‍ ചോയിയുടെ കുടുംബത്തെ വീട്ടില്‍ വെള്ളം കയറിയതിനാലും കപ്പള്ളിച്ചാലില്‍ വേലായുധന്‍ എന്ന വരുടെ കുടുംബത്തെ താമസിച്ചിരുന്ന ഷെഡ് തകര്‍ന്നതിനാലും കണ്ണോത്ത് സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
കടല്‍ ക്ഷോഭം ഉണ്ടായ ഇരിങ്ങല്‍ വില്ലേജിലെ കോട്ടക്കടപ്പുറം ഭാഗത്തുള്ള15 കുടുംബങ്ങളെയും, പുഴ വെള്ളം കയറിയ പടന്നതുരുത്തിയിലെ 5 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
ചെങ്ങോട്ട് കാവ് വില്ലേജില്‍ 17, 15വാര്‍ഡുകളിലെ 5 കുടുംബങ്ങളെ ദുരിതാശ്വാസകാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.
കൊഴുക്കല്ലൂര്‍ വില്ലേജില്‍ നിടുമ്പൊയില്‍ കളത്തില്‍ രവീന്ദ്രന്‍ നായരുടെ ഓടുമേഞ്ഞ വീട് രാത്രിയില്‍ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ഭാഗികമായി തകര്‍ന്നു. കാപ്പാട് മൊളുവങ്കരക്കണ്ടി അബുവിന്റെ വീട് പൂര്‍ണ്ണമായും പടിഞ്ഞാറെ വലിയാണ്ടി ഗിരീഷന്റെ വീട് ഭാഗികമായും തകര്‍ന്നു.
കോഴിക്കോട് താലൂക്കില്‍ 4 ക്യാമ്പുകളിലായി 24 കുടുംബങ്ങളില്‍ നിന്നുളള 109 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
