നാട്ടുകാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം
കാസര്‍കോട്: മൊഗ്രാലില്‍ നാട്ടുകാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ 17കാരനെ കുമ്പള പോലിസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം. സംഭവവുമായി ബന്ധമില്ലാതിരുന്നുട്ടും ബാലനെ വ്യാജകേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും കുടുംബം ആരോപിച്ചു.
ഒക്ടോബര്‍ 17നാണ് സംഭവം നടന്നത്. കലോല്‍സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലേക്കും നീണ്ടതോടെയാണ് കുമ്പള പോലിസ് സ്ഥലത്തെത്തിയത്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനു പകരം സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത നാട്ടുകാരെയും പോലിസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട പോലിസ് ഇവര്‍ക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും മര്‍ദ്ദനമേറ്റ 17കാരന്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബാലനെ ബന്ധുവിന്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിഷയം പോലിസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും വിഷയം പോലിസില്‍ അറിയിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് പോലിസ് സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും സ്റ്റേഷനിലെത്തി. എന്നാല്‍ ഇന്റിമേഷന്‍ ഒപ്പിടാനുള്ള വ്യാജേന കുട്ടിയെ വിളിച്ച് കേസില്‍ പ്രതിയാക്കാനുള്ള നീക്കമായിരുന്നു പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
വിഷയത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
