യശ്വന്ത് വര്‍മ്മയ്ക്ക് തിരിച്ചടി: അന്വേഷണ സമിതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് (കുറ്റവിചാരണ) നടപടികളുടെ ഭാഗമായി രൂപീകരിച്ച അന്വേഷണ സമിതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി തള്ളി. യശ്വന്ത് വര്‍മ്മയ്ക്കെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
അന്വേഷണ സമിതി രൂപീകരിച്ചതില്‍ നിയമപരമായ പിഴവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ജസ്റ്റിസ് വര്‍മ്മയുടെ ആവശ്യവും കോടതി നിരസിച്ചു. ഇതോടെ, പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം തടസ്സമില്ലാതെ തുടരാം. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും ജസ്റ്റിസ് വര്‍മ്മയെ ജഡ്ജി സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന കാര്യത്തില്‍ പാര്‍ലമെന്റ് അന്തിമ തീരുമാനമെടുക്കുക.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സുപ്രിം കോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടാവുകയും, അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കപ്പെട്ടതും അന്വേഷണ സമിതി രൂപീകരിച്ചതും.
