പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗുരുതരമായ വീഴ്ചയും ക്രമക്കേടും; ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗുരുതരമായ വീഴ്ചയും ക്രമക്കേടും കാണിച്ച ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചുമതലകളില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെയാണ് ഉടനടി പ്രാബല്യത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.ഇവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഗുരുതരമായ അച്ചടക്കലംഘനം, ജോലിയിലെ അനാസ്ഥ, എസ്‌ഐആര്‍ (ടകഞ) അധികാരങ്ങളുടെ ദുരുപയോഗം എന്നിവ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 13 സിസി പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സസ്‌പെന്‍ഷന്‍. ബന്ധപ്പെട്ട വകുപ്പുകള്‍ വഴി ഇവര്‍ക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.