അസമിലേത് കടുത്ത മനുഷ്യാവകാശ ലംഘനം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ജന്മനാട്ടില്‍ പൗരത്വം ചോദ്യം ചെയ്യപ്പെട്ട നിസ്സഹായാവസ്ഥ തലക്കു മേലെ ഡമോക്ലീസിന്റെ വാളായി തൂങ്ങിയാടുന്നവരെ വെടിവെച്ച് കൊന്നു ഇല്ലായ്മ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല.

Update: 2021-09-25 01:20 GMT

ന്യൂഡല്‍ഹി: അസമില്‍ ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ നിരാലംബരായ മനുഷ്യര്‍ക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നടപ്പാക്കുന്ന നരനായാട്ടും കൂട്ടക്കൊലയും ഞെട്ടിക്കുന്നതും ക്രൂരവും അപമാനകരവുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ജന്മനാട്ടില്‍ പൗരത്വം ചോദ്യം ചെയ്യപ്പെട്ട നിസ്സഹായാവസ്ഥ തലക്കു മേലെ ഡമോക്ലീസിന്റെ വാളായി തൂങ്ങിയാടുന്നവരെ വെടിവെച്ച് കൊന്നു ഇല്ലായ്മ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല.

ഇതുവരെ മൂന്നു പേരെ വെടിവെച്ച് കൊന്നെന്നു മാത്രമല്ല, മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

മൃതശരീരങ്ങള്‍ക്കു മേല്‍ നൃത്തം ചവിട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഫോട്ടോഗ്രാഫര്‍ ബിജോയ് ശങ്കര്‍ ബനിയയും കൂട്ടു നില്‍ക്കുന്ന പോലിസും സംഭവത്തിന്റെ ഭയാനകത വിളിച്ചോതുന്നു. ഒരു ജീവിയോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണിത്. പതിറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയില്‍ നിന്ന് പാവങ്ങളെ തോക്കുകള്‍ കൊണ്ട് തുടച്ചു നീക്കുന്ന ഭരണകൂടവും മൃതദേഹത്തില്‍ നൃത്തം ചവിട്ടുന്ന മാനസികാവസ്ഥയും ലോകത്തിനു മുമ്പില്‍ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്നതാണ്.

ബംഗാളി വംശജരായ എണ്ണൂറോളം മുസ്‌ലിംകള്‍ പതിറ്റാണ്ടുകളായി അധിവസിക്കുന്ന മേഖലയില്‍ ഒരു നഷ്ടപരിഹാരവും നല്‍കാതെ ഒഴിഞ്ഞു പോകാന്‍ ആജ്ഞാപിച്ച് തോക്കുകള്‍ കൊണ്ട് സംസാരിക്കുന്നവര്‍ പരത്തുന്ന വംശീയത നാനാത്വത്തില്‍ ഏകത്വം മുറുകെപിടിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന് ഭൂഷണമല്ല. മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മയുടെ ആജ്ഞപ്രകാരം നടക്കുന്ന കൊടിയ പാതകം അവസാനിപ്പിക്കാന്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോലിസുകാരെ നിയമത്തിനു മുമ്പിലെത്തിക്കണം. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലിനും ഇരകള്‍ക്ക് നീതി തേടിയും മുസ്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News