ഡല്‍ഹി ബാറിലെ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന ആരോപണം; ദ്വാരക ഡിസിപിയെ ചുമതലയില്‍ നിന്ന് നീക്കി

Update: 2022-06-05 02:40 GMT

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി. ദ്വാരക ഡിസിപി ശങ്കര്‍ ചൗധരിയെ ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് ഉത്തരവിട്ടത്. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ സ്വകാര്യ ക്ലബ്ബില്‍ നടന്ന പിറന്നാള്‍ ആഘോഷ പാര്‍ട്ടിക്കിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. പരിപാടിക്കിടെ ഗ്ലാസ് തകര്‍ന്ന് ഒരു യുവതിയുടെ തലയ്ക്ക് പരിക്കേറ്റു.

ഇവരുടെ ഭര്‍ത്താവ് പിന്നീട് പോലിസിനെ വിളിക്കുകയും ഡെപ്യൂട്ടി പോലുസ് കമ്മീഷണര്‍ക്ക് (ഡിസിപി) പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇവര്‍ ഇതില്‍ നിന്ന് മലക്കം മറിഞ്ഞു. തെറ്റായ ആശയവിനിമയം മൂലമാണ് ഉദ്യോഗസ്ഥന്റെ പേര് ഉയര്‍ന്നതെന്ന് യുവതി പിന്നീട് പ്രതികരിച്ചു. വിഷയം വ്യക്തിപരമാണെന്നും പരിഹരിച്ചതായും അവര്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പോലിസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസിപിയെ ചുമതലയില്‍ നിന്ന് നീക്കാനും തുടര്‍ ഉത്തരവുകള്‍ക്കായി പോലിസ് ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യാനും കമ്മീഷണര്‍ നിര്‍ദേശിക്കുകയും ചെയ്തത്. കൈലാഷ് കോളനിയിലെ സ്വകാര്യ ക്ലബ്ബില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ഡല്‍ഹി പോലിസിലെ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ യുവതിയെ മര്‍ദ്ദിച്ചതായി ഗ്രേറ്റര്‍ കൈലാഷ് പോലിസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചതായി പോലിസ് പറഞ്ഞു. പൊട്ടിയ ചില്ലു വീണതിനെ തുടര്‍ന്നാണ് യുവതിക്ക് പരിക്കേറ്റതെന്നാണ് പോലിസ് പറയുന്നത്. ആശയവിനിമയത്തിലെ പിഴവ് മൂലം ഡിസിപിയുടെ പേര് ഉയര്‍ന്നുവന്നു. കുടുംബ പ്രശ്‌നമായതിനാല്‍ പ്രശ്‌നം പരിഹരിച്ചതായും പോലിസ് കൂട്ടിച്ചേര്‍ത്തു.

Tags: