'രാജ്യദ്രോഹ നിയമം കൊളോനിയല്‍ നിയമം'; സാധുത പരിശോധിക്കാനൊരുങ്ങി സുപ്രിംകോടതി
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലത്ത് രൂപം കൊടുത്ത രാജ്യദ്രോഹ നിയമം കൊളോണിയല്‍ സ്വഭാവമുളളതാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും അത് ആവശ്യമാണോ എന്ന് പരിശോധിക്കണമെന്നും സുപ്രിംകോടതി. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് പറഞ്ഞ കോടതി കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണമാരാഞ്ഞു.
രാജ്യദ്രോഹ നിയമം കോളനികാല നിയമമാണ് ഇതുപോലൊരു നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം-ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിയമത്തിന്റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ചു.
രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിലാണ് കോടതിയുടെ പരാമര്‍ശം.
''ഇതൊരു കൊളോനിയല്‍ നിയമമാണോ എന്നതിലാണ് സംശയം. ഇതേ നിയമമാണ് ബ്രിട്ടീഷുകാര്‍ ഗാന്ധിക്കെതിരേ പ്രയോഗിച്ചത്.
രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതിയുടെ മുന്നില്‍ വന്നിട്ടുണ്ട്. എല്ലാ കേസുകളും ഒരുമിച്ച് പരിഗണിക്കും''-
നിയമത്തിന്റെ ദുരുപയോഗത്തിലും നിയമവുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് നിരുത്തരവാദിത്തിലുമാണ് കോടതിയുടെ ആശങ്കയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.