സുരക്ഷാ ഭീഷണി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ ചുമതല വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറും

സംസ്ഥാന ഇന്റലിജന്‍സാണ് എസ്‌ഐഎസ്എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്ന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയത്

Update: 2022-03-13 07:52 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനും വൈദ്യുതി ഭവനും പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷയും സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറും. നിലവില്‍ പോലിസിന്റെ ദ്രുതകര്‍മ്മസേനക്കാണ് ക്ലിഫ്ഹൗസിന്റെ സുരക്ഷാചുമതലയുള്ളത്. സംസ്ഥാന ഇന്റലിജന്‍സാണ് എസ്‌ഐഎസ്എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്ന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിന് സമീപം വരെ പ്രതിഷേധങ്ങള്‍ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് സര്‍ക്കാര്‍ കൈമാറിയത്. പിന്നാലെ ക്ലിഫ് ഹൗസിന് സമീപത്തേക്കും പോലിസ് വലയം മറികടന്ന് പ്രതിഷേധക്കാര്‍ എത്തിയ സാഹചര്യവുമുണ്ടായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവനലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്ഹൗസിന്റെ സുരക്ഷയും സര്‍ക്കാര്‍ എസ്‌ഐഎസ്എഫിനെ ഏല്‍പ്പിക്കാനൊരുങ്ങുന്നത്.

ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. സംസ്ഥാന ഇന്റലിജന്‍സ് റിപോര്‍ട്ട് കൂടി പരിഗണിച്ചാണ് നീക്കം. നിലവില്‍ പോലിസിന് കീഴിലുള്ള ദ്രുതകര്‍മ്മസേനക്കാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതല. വ്യവസായ സുരക്ഷാസേന എത്തിയാലും ക്ലിഫ് ഹൗസില്‍ ദ്രുതകര്‍മ്മ സേന തുടരും. ഘട്ടം ഘട്ടമായി ദ്രുതകര്‍മ്മ സേനയെ കുറച്ച് പൂര്‍ണമായും വ്യവസായ സുരക്ഷാ സേനയ്ക്ക് ചുമതല കൈമാറും. ആഭ്യന്തരവകുപ്പിന്റെ ഉത്തരവിറങ്ങിയാലുടന്‍ ക്ലിഫ്ഹൗസിന്റെ സുരക്ഷ എസ്‌ഐഎസ്എഫ് ഏറ്റെടുക്കും. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടന്‍ കറുപ്പിലേക്ക് മാറും. 

Tags: