ഹസാര യുവതിയെ വെടിവച്ചുകൊന്ന സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു; പ്രതിക്ക് അര്‍ഹമായ ശിക്ഷനല്‍കുമെന്ന് താലിബാന്‍ വക്താവ്

Update: 2022-01-20 04:54 GMT

കാബൂള്‍: വിവാഹം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഹസാര യുവതിയെ വെടിവച്ചുകൊന്ന താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കാബൂളില്‍ ഷിയ വിഭാഗക്കാരായ ഹസാര വംശീയ വിഭാഗത്തില്‍ പെടുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ഒരു സ്ത്രീയെ ചെക്ക് പോയിന്റില്‍വച്ച് വെടിവച്ചുകൊന്നത്.

ഐസ്‌ഐസ് സായുധര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് ഹസാര വിഭാഗത്തില്‍ പെടുന്നവരെയാണ്.

സൈനബ് അബ്ദുള്ള(25)യാണ് കൊല്ലപ്പെട്ടത്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരേ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായി പരാതിയുണ്ട്. സൈനബ് അബ്ദുള്ളയെ തെറ്റിദ്ധരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം ട്വീറ്റ് ചെയ്തു. പ്രതിയ്ക്ക് തക്ക ശിക്ഷ നല്‍കുമെന്നും അദ്ദേഹം ഉറപ്പുപറഞ്ഞു.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് 60,00,000 അഫ്ഗാനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി പറഞ്ഞു.

സൈനബ് അബ്ദുള്ളയുടെ കൊലപാതകത്തിനെതിരേ സ്ത്രീസംഘടനകള്‍ പ്രതിഷേധം നടത്തി.

'സൈനബിന്റെ കൊലപാതകം കേട്ടപ്പോള്‍ ഞങ്ങള്‍ ഭയന്നുപോയി. വീടുവിട്ടിറങ്ങിയാല്‍ ജീവനോടെ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു- പ്രതിഷേധക്കാര്‍ പറഞ്ഞു. 'രാത്രികളില്‍ ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല, പകല്‍ പോലും എന്തെങ്കിലും അത്യാവശ്യമില്ലെങ്കില്‍ ഞങ്ങള്‍ പുറത്തിറങ്ങില്ല.'- പ്രതിഷേധക്കാര്‍ പറഞ്ഞു. പല ചെക്ക് പോയിന്റുകളും സ്ത്രീകള്‍ക്ക് സാഹസം നിറഞ്ഞ അനുഭവമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News