രാജ്യത്തെ എല്ലാ തുറമുഖങ്ങളുടെയും സുരക്ഷാ ചുമതല സിഐഎസ്എഫിന്

Update: 2025-11-22 10:24 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സമുദ്ര അതിര്‍ത്തികളിലുടനീളമുള്ള ഏകദേശം 250 തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി കേന്ദ്രസര്‍ക്കാര്‍ സിഐഎസ്എഫിനെ നിയമിച്ചു. സുരക്ഷാ സംവിധാനങ്ങളും അത്യാധുനിക ഉപകരണങ്ങളും സ്ഥാപിക്കുന്നതില്‍ നിന്ന് ഹൈബ്രിഡ് സുരക്ഷാ വിന്യാസം വരെയുള്ള ചുമതലകള്‍ ഇനി മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. ഭീകരവിരുദ്ധ അട്ടിമറി നടപടികള്‍ ഉള്‍പ്പെടെയുള്ള പ്രധാന സുരക്ഷാ ഇടപെടലുകളും ഈ സേന കൈകാര്യം ചെയ്യേണ്ടിവരും.

നിലവില്‍ 13 പ്രധാന തുറമുഖങ്ങള്‍ മാത്രമാണ് സിഐഎസ്എഫ് സുരക്ഷാ പരിധിയിലുള്ളത്. പുതിയ തീരുമാനത്തോടെ 67 അധിക പ്രധാന തുറമുഖങ്ങളിലും സേനയുടെ സുരക്ഷാ നിയന്ത്രണം നടപ്പാകും. കാര്‍ഗോ സ്‌ക്രീനിംഗ്, ആക്‌സസ് കണ്‍ട്രോള്‍, മറ്റു മുഖ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സിഐഎസ്എഫിന്റെ കീഴിലാകും. ഇന്ത്യയില്‍ കുറഞ്ഞത് 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും 65 എണ്ണം മാത്രമേ കാര്‍ഗോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. സിഐഎസ്എഫ് പരിധിയില്‍ ഇല്ലാത്ത തുറമുഖങ്ങളില്‍ സുരക്ഷ ഇപ്പോള്‍ സംസ്ഥാന പോലിസും സ്വകാര്യ ഏജന്‍സികളും കൈകാര്യം ചെയ്യുന്നു. എന്നാല്‍ ഈ ഘടനയില്‍ വലിയ മാറ്റമുണ്ടാകാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേതൃത്വം നല്‍കിയ സുരക്ഷാ അവലോകന യോഗങ്ങളില്‍ നടന്ന വിലയിരുത്തലുകളുടേയാണ് തുറമുഖ സുരക്ഷ ശക്തിപ്പെടുത്താനുള്ള ഈ നിര്‍ണായക തീരുമാനം.


Tags: