നോയിഡയില്‍ നിരോധനാജ്ഞ

Update: 2020-12-07 11:49 GMT
നോയിഡ: കൊവിഡ് വ്യാപനം തടയാനെന്ന പേരില്‍ നോയിഡയില്‍ ഭാരത് ബന്ദിന് മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും. ഡല്‍ഹി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയാന്‍ കൂടി ഗൗതം ബുദ്ധ നഗറില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കാരണമാകും. അതേസമയം ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് വ്യക്തമാക്കി.


പ്രധാനപാതയില്‍ കര്‍ഷകര്‍ സമരം തുടരുന്നതിനാല്‍ മറ്റ് പാതകള്‍ ഉപയോഗിക്കാന്‍ ഡെല്‍ഹി ട്രാഫിക് പോലിസ് നിര്‍ദ്ദേശിച്ചു. സിങ്കു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലുമാണ് കര്‍ഷകര്‍ 11 ദിവസത്തിലേറെയായി സമരം തുടരുന്നത്. ഗാസിപൂര്‍ അതിര്‍ത്തിയിലും സമരക്കാരുടെ എണ്ണം വര്‍ധിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടേക്ക് എത്തിയത്. നിയമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വീണ്ടും സമരക്കാരും സര്‍കാരും തമ്മില്‍ ചര്‍ച്ച നടക്കും.

ഇതിനിടെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച സിങ്കു അതിര്‍ത്തിയിലെത്തും. ഡെല്‍ഹിയിലെ മറ്റ് മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടാകും. കര്‍ഷകര്‍ക്കായി ഡെല്‍ഹി സര്‍കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തും.