പൊന്നാനിയില്‍ കടല്‍ക്ഷോഭം ശക്തമായി; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Update: 2021-05-14 14:50 GMT

പൊന്നാനി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് പൊന്നാനി താലൂക്ക് പരിധിയില്‍ കടലാക്രമണം രൂക്ഷമായി. തണ്ണിത്തുറ, പത്തുമുറി, അജ്മീര്‍ നഗര്‍, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. വരും ദിവസങ്ങളിലും കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ രൂക്ഷമായതോടെ പൊന്നാനി, അഴീക്കല്‍, മരക്കടവ്, പുതുപൊന്നാനി, വെളിയങ്കോട് മേഖലയില്‍ മുറിഞ്ഞഴി പ്രദേശങ്ങളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.

വെളിയംകോട് വില്ലേജില്‍ 60 കുടുംബങ്ങളെയും പെരുമ്പടപ്പ് വില്ലേജില്‍ 26 കുടുംബങ്ങളെയും പൊന്നാനി നഗരം വില്ലേജില്‍ 68 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

പൊന്നാനി താലൂക്കില്‍ 3 ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്. എംഇഎസ് എച്ച്എസ് പൊന്നാനിയില്‍ 5 കുടുംബങ്ങളും ജിഎഫ്എല്‍പി സ്‌കൂള്‍ വെളിയംകോട് 3 കുടുംബങ്ങളും ജിഎഫ് യുപി സ്‌കൂള്‍ പാലപ്പെട്ടിയില്‍ 6 കുടുംബങ്ങളും അടക്കം മൂന്നു ക്യാമ്പുകളിലായി 53 പേരാണ് ഉള്ളത്.