എസ്ഡിപിഐ മഹാത്മാ അയ്യന്‍ കാളി അനുസ്മരണവും സംവരണ പ്രക്ഷോഭ സംഗമവും നാളെ

Update: 2021-08-27 13:55 GMT

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിക്കുന്ന മഹാത്മ അയ്യന്‍ കാളി അനുസ്മരണവും സംവരണ പ്രക്ഷോഭ സംഗമവും നാളെ നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അധ്യക്ഷത വഹിക്കും. മഹാത്മ അയ്യന്‍ കാളി അനുസ്മരണം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ നിര്‍വഹിക്കും.

സംസ്ഥാന സെക്രട്ടറിയേറ്റംഗം പികെ ഉസ്മാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിക്കും.

അധസ്ഥിത ജനതയുടെ വിമോചനത്തിന് നേതൃത്വം നല്‍കിയ മഹാത്മ അയ്യന്‍ കാളിയുടെ ജന്മദിനത്തില്‍ പാര്‍ശ്വവല്‍കൃത ജനതയുടെ ശാക്തീകരണത്തിന് പുതിയ സമരപോരാട്ടങ്ങള്‍ക്ക് പാര്‍ട്ടി തുടക്കം കുറിക്കുകയാണ്. സംവരണ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. അതേസമയം, ഭരണഘടനാ വിരുദ്ധമായ മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശവും അതിന് ഓശാന പാടുന്ന പ്രതിപക്ഷ നിലപാടും പിന്നാക്ക ജനതയോടുള്ള വഞ്ചനയാണെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

അയ്യന്‍ കാളി അനുസ്മരണപരിപാടിയോടനുബന്ധിച്ച് സംവരണ സമരസംഗമവും നടക്കും.

Tags: