തീരദേശവാസികള്‍ക്ക് ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിച്ചു നല്‍കണമെന്ന് എസ്ഡിപിഐ

Update: 2021-05-17 05:58 GMT

കോഴിക്കോട്: കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് കല്ലുത്താന്‍ കടവ് ഫ്‌ലാറ്റ് സമുച്ചയം മാതൃകയില്‍ ഫ്‌ലാറ്റ് നിര്‍മ്മിക്കണമെന്ന് എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കടലാക്രമണം രൂക്ഷമായ കപ്പക്കല്‍, കോയവളപ്പ്, കോതി എന്നീ പ്രദേശങ്ങള്‍ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പി ജാഫര്‍, വൈസ് പ്രസിഡന്റ് പി.കെ. റഫീഖ് എന്നിവര്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു.

അമീന്‍ കോതി, മുസ്തഫ കോതി, മുനീര്‍ മുഖദാര്‍, മനാഫ് മുഖദാര്‍, അഷ്റഫ് പരപ്പില്‍, യാസിം ചുള്ളിക്കാട്, അനീഷ് ചുള്ളിക്കാട്, കബീര്‍ ചുള്ളിക്കാട്,സക്കീര്‍ ആനമാട് ശഹീദ് ആനമാട്, മിറാഷ് ആനമാട്, സിദ്ധീഖ് പള്ളിക്കണ്ടി,അസ്‌ക്കര്‍ കോയവളപ്പ്, ആഷിക് കപ്പക്കല്‍, ഫിറോസ് കോയവളപ്പ്, റാഫി പയ്യാനക്കല്‍ എന്നിവര്‍ പ്രദേശത്തെ നാശനഷ്ട്ടങ്ങളെകുറിച്ച് നേതാക്കളുമായി പങ്കുവെച്ചു.

സ്ഥിരമായി കടല്‍ഭിത്തി നിര്‍മ്മിക്കുകയും കടല്‍ക്ഷോഭം ഉണ്ടാവുമ്പോള്‍ അത് നശിക്കുകയും ചെയ്യുന്നതായി തീരദേശവാസികള്‍ പറഞ്ഞു. കടല്‍ ക്ഷോഭം രൂക്ഷമായ പ്രദേശത്തെ ജനങ്ങള്‍ക്ക് മറ്റ് ഭാഗങ്ങളില്‍ ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍, എംപി, എംഎല്‍എ, കോര്‍പ്പറേഷന്‍ തയ്യാറാവണം. ഇതിലൂടെ മാത്രമേ തീരദേശവാസികളുടെ ആശങ്ക എന്നേക്കുമായി പരിഹരിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.

Similar News