കൊവിഡ് ഭേദമായശേഷം ഹൃദയാഘാതം വന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എസ്ഡിപിഐ വളണ്ടിയേഴ്‌സ് റസ്‌ക്യു ടീം

Update: 2020-06-19 15:21 GMT

ഉദുമ: ദുബയില്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടശേഷം താമസസ്ഥലത്തുവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട ചേറ്റുക്കുണ്ട് പള്ളിക്കര അബ്ദുസ്സലാമിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എസ്ഡിപിഐ വളണ്ടിയേഴ്‌സ് റസ്‌ക്യു ടീം. ഖബറടക്കാനും അന്ത്യകര്‍മങ്ങള്‍ക്കും നാട്ടുകാരും കുടുംബക്കാരും മടിച്ചുനിന്ന സമയത്താണ് സംസ്‌കാരച്ചടങ്ങുകള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ എസ്ഡിപിഐ വളണ്ടിയേഴ്‌സ് ടീം തയ്യാറായത്. ടീമിന്റെ ജില്ലാ കോഓഡിനേറ്റര്‍ എ എച്ച് മുനീര്‍ കുടുംബക്കാരുമായി ചര്‍ച്ച ചെയ്തശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

അബ്ദുസ്സലാമിന്റെ മൃതദേഹം ദുബയില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു മണിക്കാണ് കോഴിക്കോട് എത്തിയത്. അവിടെ നിന്ന് വൈകീട്ട് ചേറ്റുകുണ്ട് പള്ളിക്കര വീട്ടിലെത്തിച്ച മൃതദേഹം എസ്ഡിപിഐ വളണ്ടിയര്‍മാര്‍ ഏറ്റുവാങ്ങി പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് എട്ട് മണിയോടെ ചേറ്റുകുണ്ട് ഹനഫി ജുമാമസ്ജിദില്‍ ഖബറടക്കി.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പൂര്‍ണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌ക്കാര കര്‍മങ്ങള്‍ നടത്തിയത്.

ഫൈസല്‍ കോളിയടുക്കം, മൊയ്തു സി എച്ച്, ഫൈസല്‍ നിലേശ്വരം, ജലീല്‍ മേല്‍പറമ്പ്, ഇസ്ഹാഖ് ചൂരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റു സന്നദ്ധസേവന രംഗത്തും വളണ്ടിയര്‍മാര്‍ സജീവമാണെന്ന് ജില്ലാ കോഓഡിനേറ്റര്‍ മുനീര്‍ എ.എച്ച് പറഞ്ഞു. 

Similar News