സെക്രട്ടേറിയറ്റിന് മുന്‍പിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എസ്ഡിപിഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഢ്യസമതി നടത്തുന്ന കുത്തിയിരുപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് സംസാരിച്ചു.
കാസര്‍കോഡ് മുന്‍ ജില്ലാ കലക്ടര്‍ കമ്പനി വക്താവായി മാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പൂര്‍ണമായി ഇതുവരെ ഇരകള്‍ക്ക് നല്‍കിയിട്ടില്ല. ഇത് കടുത്ത അനീതിയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിയാദ് തൊളിക്കോട് പറഞ്ഞു.
എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിത പദ്ധതികളെ അട്ടമറിക്കാന്‍ സാമൂഹിക നീതി വകുപ്പിന് മുന്‍പില്‍ മുന്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് തള്ളിക്കളയുക, മുഴുവന്‍ ദുരിത ബാധിതര്‍ക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആജീവനാന്ത ചികില്‍സയും നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐക്യദാര്‍ഢ്യ സമിതി കുത്തിയിരുപ്പ് സമരം നടത്തുന്നത്. രാവിലെ 10ന് തുടങ്ങിയ സമരം വൈകീട്ട് വരെ നീണ്ടു.
നേരത്തെ വിഎം സുധീരന്‍, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നിരവധി നേതാ്ക്കള്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് സമരപ്പന്തലിലെത്തിയിരുന്നു. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷവും ഈ വിഷയം ഉയര്‍ത്തി സഭ ബഹിഷ്‌കരിച്ചിരുന്നു.
