ആയിശ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുക; പോലിസില്‍ ഹാജരാകുന്ന ജൂണ്‍ 20 ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ

ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിനെതിരേ രാജ്യത്തും പ്രത്യേകിച്ച് ലക്ഷദ്വീപിലും ഉയരുന്ന പ്രതിഷേധങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.

Update: 2021-06-13 09:30 GMT

തിരുവനന്തപുരം: ലക്ഷദ്വീപില്‍ സംഘപരിവാര്‍ രാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിച്ചതിന് ആയിശ സുല്‍ത്താനയ്‌ക്കെതിരേ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ പോലിസിനു മുമ്പില്‍ ഹാജരാകുന്ന ജൂണ്‍ 20ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍.

അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികള്‍ക്കെതിരേ രാജ്യമെമ്പാടും നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ആയിശ സുല്‍ത്താനയും ജന്മനാടിനുവേണ്ടി ശബ്ദിച്ചത്. കള്ളക്കേസ് ചുമത്തി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് സംഘപരിവാരത്തിന്റെ അപ്പോസ്തലന്മാരായ ഭരണകൂടം ശ്രമിക്കുന്നത്. അക്രമത്തിന് പ്രേരണ നല്‍കാതെ, ഗവണ്‍മെന്റിനെ എത്ര കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാലും അതിനെ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് പത്രപ്രവര്‍ത്തകനായ വിനോദ് ദുവയുടെ കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചിരുന്നു. പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണത്തിന് വിരുദ്ധമാണ് ആയിശ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ്.

ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിനെതിരേ രാജ്യത്തും പ്രത്യേകിച്ച് ലക്ഷദ്വീപിലും ഉയരുന്ന പ്രതിഷേധങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ജന്മനാട്ടില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താനും ദ്വീപിനെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനും ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഭ്രാന്തന്‍ പരീക്ഷണങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ആയിശ സുല്‍ത്താന ഉള്‍പ്പെടെയുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കെ എസ് ഷാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News