യുവാവിനെ ആക്രമിച്ച സംഭവം: ദേശാഭിമാനി വാര്‍ത്ത രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് എസ്ഡിപിഐ
താനൂര്‍: ഒഴൂര്‍ ഹാജിപടിയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്ഡിപിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു, തികച്ചും വ്യക്തികള്‍ തമ്മിലുള്ള വിഷയത്തില്‍ പാര്‍ട്ടിയെ പരാമര്‍ശിച്ച് ദേശാഭിമാനി വാര്‍ത്ത നല്‍കിയത് ദുരുദ്ദേശപരമാണെന്നും വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ വാര്‍ത്ത നല്‍കിയത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് കായംകുളം സ്വദേശിയായ അഹ്മദ്കബീര്‍ എന്ന വെക്തി ഹാജി പടിയില്‍ എത്തുന്നത്. താനൂര്‍ അങ്ങാടി ഭാഗത്തും കായംകുളത്തും കണ്ണൂരിലും മലപ്പുറത്തുമായി നിലവില്‍ ഇയാള്‍ക്ക് നാല് ഭാര്യമാരുണ്ട്. എങ്കിലും ഇയാള്‍ തനിച്ചാണ് ഹാജി പടിയില്‍ താമസിക്കുന്നത്. മുന്‍പ് നടത്തിയ വിവാഹങ്ങള്‍ മറച്ച് വെച്ച് ഹാജിപടിയില്‍ നിന്നും വീണ്ടും വിവാഹം നടത്താനുള്ള ശ്രമത്തെ പ്രദേശവാസികള്‍ തടയുകയും പള്ളികമ്മിറ്റി ഇയാള്‍ക്ക് താക്കീത് നല്‍കിയതുമാണ്. പിന്നീട് ഇയാള്‍ നാട്ടുകാരെയും പള്ളി കമ്മിറ്റിക്കാരെയും പരസ്യമായി തെറിപറഞ്ഞു നടക്കല്‍ പതിവായിരുന്നു. സംഭവ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകനായ അബ്ദു രാത്രി നമസ്‌കാരത്തിന് പള്ളിയില്‍ പോയ സമയത്ത് ഇയാള്‍ അബ്ദുവിന്റെ വീട്ടില്‍ ചെല്ലുകയും അബ്ദുവിന്റെ ഭാര്യയെ തെറിപറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അബ്ദു പള്ളിയില്‍ നിന്നും തിരിച്ചു വന്ന് വിവരം അറിഞ്ഞപ്പോള്‍ ഇയാളോട് കാര്യങ്ങള്‍ അന്യേഷിക്കാന്‍ ചെന്നതാണ് എസ്ഡിപിഐകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു എന്ന രീതിയില്‍ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിട്ടുള്ളത്. വസ്തുത ഇതായിരിക്കെ ഏത് കൊള്ളരുതായ്മകളും വെള്ളപൂശുക എന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടെയും നെറികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.