കള്ളപ്പണക്കേസില്‍ ബിജെപി നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

കള്ളപ്പണക്കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നതിന് കോടതി മേല്‍നോട്ടം വഹിക്കണം

Update: 2021-06-11 09:26 GMT

തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ ബിജെപി നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി. രാജ്യദ്രോഹക്കുറ്റത്തിന് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്താകെ ഇന്ന് പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ്  സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടന്നത്. മാര്‍ച്ച് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം മാര്‍ച്ച ഉദ്ഘാടനം ചെയ്തു.

കേസന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് തീരുമാനം പോലിസില്‍ നിന്നു ചോര്‍ന്നു. തൊണ്ടി മുതലുകളും തെളിവുകളും നശിപ്പിക്കാന്‍ പ്രതികള്‍ക്ക് അവസരം ലഭിക്കുന്നത് ഗുരുതര വീഴ്ചയാണ്. അതിനാല്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നതിന് കോടതി തന്നെ മേല്‍നോട്ടം വഹിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും ബിജെപി ചെലവഴിച്ച പണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുഴല്‍പണമിടപാട് സംബന്ധിച്ച് അന്തര്‍സംസ്ഥാന ബന്ധവും അന്വേഷണ വിധേയമാക്കണമെന്നും മാര്‍ച്ച് ഉദ്്ഘാടനം ചെയ്ത ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു.

ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗം മഹ്ഷൂഖ് വളളക്കടവ്, നേതാക്കളായ സിദ്ദീഖ് കല്ലാട്ടുമുക്ക്, അമീര്‍ കമലേശ്വരം, ബാദഷ പാളയം, ഷാഹുല്‍ എസ്എം ലോക് എന്നിവര്‍ സംബന്ധിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചാണ് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചത്.

Tags: