കൂട്ടസ്ഥിരപ്പെടുത്തലിനും അനധികൃത നിയമനങ്ങള്‍ക്കെതിരേ എസ്ഡിപിഐ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്‍പില്‍

Update: 2021-02-10 08:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ട സ്ഥിരപ്പെടുത്തലിനും എതിരെ എസ്ഡിപിഐ സെക്രട്ടേറിയറ്റിന് മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. സംസ്ഥാനത്ത് ഇടത് അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭാര്യമാര്‍ക്കും ഉദ്യോഗങ്ങള്‍ തരപ്പെടുത്തിക്കൊടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യന്നതെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു പറഞ്ഞു.

യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ഗുണ്ടകള്‍ പിഎസ്‌സി ലിസ്റ്റില്‍ അനധികൃതമായി കടന്നുകൂടിയതോടെ സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് പട്ടിക പിഎസ്‌സി മരപ്പിക്കുകയായിരുന്നുവെന്നും ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റ് മുന്നില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നതെന്നും പ്രതിഷേധത്തില്‍ സംസാരിച്ച ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് പറഞ്ഞു. കനത്ത പോലിസ് സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റിന് മുമ്പില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.

ജില്ലാ ഉപാധ്യക്ഷന്‍ വേലുശ്ശേരി അബ്ദുല്‍ സലാം, ജില്ലാ ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗം മഹ്ഷൂഖ് വള്ളക്കടവ്, പൂജപ്പുര സലീം, പാളയം ബാദുഷ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Tags: