സിപിഎം-ബിജെപി ഒത്തുതീര്‍പ്പ്; സെക്രട്ടേറിയറ്റ് മുന്നില്‍ മുഖ്യമന്ത്രിയുടേയും കെ സുരേന്ദ്രന്റെയും കോലം കത്തിച്ച് എസ്ഡിപിഐ

ലാവ്‌ലന്‍-സ്വര്‍ണക്കടത്ത്, കൊടകര കുഴല്‍പണം-തിരഞ്ഞെടുപ്പ് കോഴ ഒത്തുതീര്‍പ്പിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കുക, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്

Update: 2022-06-17 07:39 GMT

തിരുവനന്തപുരം: ലാവ്‌ലന്‍-സ്വര്‍ണക്കടത്ത്, കൊടകര കുഴല്‍പണം-തിരഞ്ഞെടുപ്പ് കോഴ ഒത്തുതീര്‍പ്പിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കുക, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പാളയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പോലിസ് തടഞ്ഞു. സെക്രട്ടേറിയറ്റ് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും കോലം കത്തിച്ചു.

എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ എംഎ ജലീല്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സിപിഎം-ബിജെപി ഒത്തുകളി ഭരണമാണ് നടക്കുന്നത്. ഈ പരസ്പര സഹകരണത്തിലൂടെ എല്ലാ കൊള്ളയിലും ശരിയായ അന്വേഷണം നടത്താതെ കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വസതിയും അദ്ദേഹത്തിന്റെ ഓഫിസും കള്ളക്കടത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പുതിയതല്ല. ബിജെപി നേതാക്കളുടെ നേര്‍ക്ക് കൂടി അന്വേഷണം വന്നതോടെയാണ് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ അന്വേഷണങ്ങളും അവസാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറും സംശയത്തിന്റെ മുള്‍ മുനയില്‍ നില്‍ക്കുന്ന കേസില്‍, ഇരുവരും അന്വേഷണം നേരിടുന്നതിന് പകരം ജനങ്ങളെ വെല്ലുവിളിക്കാനാണ് ശ്രമിക്കുന്നത്. കൊടിയ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം. കൊടകര-തിരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട്, വിമെന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മഹ്ഷൂഖ് വള്ളക്കടവ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സബീന ലുഖ്മാന്‍, ജില്ലാ കമ്മിറ്റിയംഗം സുനീര്‍ പച്ചിക്കോട്, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി നവാസ്, കഴക്കൂട്ടം മണ്ഡലം പ്ര സിഡന്റ് സാജിദ്, വര്‍ക്കല മണ്ഡലം സെക്രട്ടറി എം നസീറുദ്ദീന്‍ മരുതിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: