ബന്ധുക്കള്‍ കയ്യൊഴിഞ്ഞു: തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു
പഴുന്നാന(തൃശൂർ): പഴുന്നാന ജുമാ മസ്ജിദിന് സമീപത്തെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശി പളനി ശെല്‍വ(42)ത്തിന്റെ മൃതദേഹം എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു. മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ചതോടെയാണ് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഇടപെടേണ്ടിവന്നത്. 30 വര്‍ഷമായി പളനി ശെല്‍വം ജോലി സംബന്ധമായി താമസിച്ചിരുന്ന ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പഴുന്നാന ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്.
ജൂണ്‍ 14 നാണ് പളനിയെ കാണാതായത്. സുഹൃത്തുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് ദിവസത്തിനു ശേഷം പളനിയെ മരിച്ച നിലയില്‍ തൊട്ടടുത്ത ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തി.
ആദ്യ ഘട്ടത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം ബന്ധുക്കള്‍ തൃശൂരിലെത്തി. പക്ഷേ, കൊവിഡ് ടെസ്റ്റിന്റെ ഫലം വന്നശേഷമേ കൊണ്ടുപോകാനാവൂ എന്ന് പോലിസ് അറിയിച്ചു. തിരിച്ചുവരാമെന്ന് പറഞ്ഞു പോയ ബന്ധുക്കള്‍ പക്ഷേ, പിന്നീട് കൊണ്ടുപോകാനാവില്ലെന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹം ഇവിടെത്തന്നെ സംസ്‌കരിക്കാനുള്ള നടപടി ആരംഭിച്ചത്. പോലിസ് അഞ്ചാം വാര്‍ഡ് മെമ്പര്‍ ഷാമില കബീറുമായി കൂടിയാലോചിച്ചു. നിയമ നടപടികള്‍ അടക്കമുള്ളവ സഹായങ്ങള്‍ ചെയ്യാന്‍ പഞ്ചായത്തും തയ്യാറായി. ഈ സാഹചര്യത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്ന ഉത്തരവാദിത്തം എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
എസ്ഡിപിഐ ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഹീദ് കെ എം, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മിറ്റി അംഗം ഷാഹുല്‍ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അര്‍ഷാദ് വടക്കുമുറി, ഹാരിസ് കിഴക്കുമുറി, ആംബുലന്‍സ് ഡ്രൈവര്‍ സലിം മരത്തംകോട് തുടങ്ങിയവര്‍ ചേര്‍ന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം ഏറ്റെടുത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്. എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് കബീര്‍, വാര്‍ഡ് മെമ്പര്‍ ഫാമില കബീര്‍ തുടങ്ങിയവരും സംസ്‌കാരച്ചടങ്ങില്‍ സന്നിഹിതരായിരുന്നു
