കൊണ്ടോട്ടി താലൂക്ക് ആശുപത്രി പൂര്‍ണ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഉപവാസം

Update: 2021-07-22 09:20 GMT

കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് ആശുപത്രി പൂര്‍ണ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റും നഗരസഭാ മുന്‍ കൗണ്‍സിലറുമായ ഹക്കീം മുണ്ടപ്പലം ഉപവാസസമരം നടത്തും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് ഉപവാസം. 

കിടത്തി ചികിത്സ, പ്രസവം, 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, പരിസരവാസികളുടെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാത്ത തരത്തില്‍ വേണ്ട സൗകര്യമൊരുക്കി ഡയാലിസിസ് മെഷ്യന്‍ പ്രവര്‍ത്തന യോഗ്യമാക്കുക, എല്ലാ വിഭാഗത്തിലും സ്‌പെഷ്യലിസ്റ്റ് ഉള്‍പ്പെടെ ആവശ്യമായ ഡോക്ടര്‍മാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നീ ആവശ്യമുന്നയിച്ചുകൊണ്ടാണ് സമരം.

കൊണ്ടോട്ടി മെഡിക്കല്‍ ഓഫിസര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി, നഗരസഭ ചെയര്‍ പേഴ്‌സന്‍, നഗരസഭ സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, സ്ഥലം എംഎല്‍എ, സംസ്ഥാന ആരോഗ്യ മന്ത്രി തുടങ്ങിയ എല്ലാ അധികാരികള്‍ക്കും താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.

Similar News