പുതുശ്ശേരിയില്‍ സമൂഹ അടുക്കളയിലേക്ക് വന്ന അരി വകമാറ്റിയ സിപിഎം നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ

ഏതൊക്കെ ഫണ്ടുകള്‍, ആരില്‍ നിന്നെല്ലാം തുടങ്ങിയ വിശദാംശങ്ങളടക്കം പുറത്തുവിടണമെന്നും അരി കടത്താന്‍ കൂട്ടുനിന്ന സിപിഎം നേതാക്കളെ പ്രതിചേര്‍ത്ത് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ

Update: 2020-04-03 07:46 GMT

പാലക്കാട്: ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെന്ന് ആക്ഷേപിക്കുന്ന സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിന്റെ അംബാസിഡര്‍മാരായി ചമഞ്ഞ് സമൂഹ അടുക്കളയിലേക്ക് നല്‍കിയ അരി തട്ടിയെടുത്ത് ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് എഡിസിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. പുതുശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് നല്‍കിയ ഒരു ടണ്‍ അരി പാര്‍ട്ടി ലേബലില്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്യുക വഴി നെറികെട്ട രാഷ്ട്രീയ മുതലെടുപ്പാണ് സിപിഎം നടത്തിയിരിക്കുന്നതെന്നും എസ്ഡിപിഐ ആരോപിച്ചു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം അവരുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണനെ ഏല്‍പ്പിച്ച ഒരു ടണ്‍ അരിയാണ് പാര്‍ട്ടി ലേബലില്‍ വിതരണം ചെയ്തത്. അടുക്കളയിലേക്കെത്തിയ വരവും ചെലവും എഴുതി വെക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ രജിസ്റ്ററില്‍ അരി വന്നതായ രേഖ കാതായതോടെയാണ് വിവരം പുറത്തുവന്നത്. പഞ്ചായത്ത് പ്രസിഡന്റും പ്രദേശത്തെ രണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറിമാരുമാണ് ഇതിന് നേതൃത്വം നല്‍കിയിരിക്കുന്നത്. സിപിഎം ജില്ലാ നേതാവ് നിധിന്‍ കണിച്ചേരിയടക്കം ഈ രാഷ്ട്രീയ മുതലെടുപ്പിന് കൂട്ടുനിന്നിരിക്കുന്നു എന്നതാണ് വിഷയത്തിന്റ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. വിതരണം ചെയ്തു എന്ന് പറയപ്പെടുന്ന അരിയുടെ കണക്കോ അളവോ ഒന്നും ഇതുവരെയും വെളിപ്പെടുത്താന്‍ തയ്യാറായിട്ടുമില്ല.

ഒരു പൊതുമേഖലാ സ്ഥാപനം അവരുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള തുകക്ക് കൃത്യമായ റസീറ്റടക്കമുള്ള രേഖകള്‍ സര്‍പ്പിക്കേണ്ടതുണ്ടെന്ന സാമാന്യ അറിവ് പോലും ഇല്ലാതെയാണ് സിപിഎം നേതാക്കള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള നുറു കണക്കിന് വ്യവസായ സ്ഥാപനങ്ങളുള്ള പഞ്ചായത്ത് എന്ന നിലയില്‍ ഇപ്പോള്‍ കണ്ടത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ധാരാളം വ്യവസായ സ്ഥാപനങ്ങള്‍ പലപ്പോഴായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. അതിന് എന്തു സംഭവിച്ചുവെന്ന് നിലനില്‍പ്പ് ഭീഷണിയാകും എന്ന് ഭയപ്പെട്ട് പലരും പുറത്തുപറയാതിരിക്കുകയാണ്.

ഏതൊക്കെ ഫണ്ടുകള്‍, ആരില്‍ നിന്നെല്ലാം തുടങ്ങിയ വിശദാംശങ്ങളടക്കം പുറത്തുവിടണമെന്നും അരി കടത്താന്‍ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റിനെയും അതിന് സഹായിച്ച പ്രാദേശിക സിപിഎം നേതാക്കളെയും പ്രതിചേര്‍ത്ത് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. 

Tags: