മാഹിയിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ രേഖയില്‍ എഴുതിച്ചേര്‍ക്കണം; എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി

Update: 2020-06-09 01:15 GMT

പുതുച്ചേരി: മാഹിയിലെ ആദ്യ കൊവിഡ് മരണം പുതുച്ചേരി സര്‍ക്കാര്‍ രേഖയില്‍ വരാത്തതും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അവ്യക്തതകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ പുതുച്ചേരി സംസ്ഥാന കമ്മിറ്റി നിയോഗിച്ച പ്രതിനിധിസംഘം മുഖ്യമന്ത്രി നാരായണ സ്വാമിയുടെ പാര്‍ലിമെന്ററി സെക്രട്ടറി കെ ലക്ഷ്മി നാരായണനുമായി കൂടിക്കാഴ്ച നടത്തി.

കൊവിഡ് ബാധിച്ച് മരിച്ച, മാഹി ചെറുകല്ലായി സ്വദേശി അല്‍മനാര്‍ മഹറൂഫ് സാഹിബിന്റെ മരണ രജിസ്‌ട്രേഷനും അവ്യക്തതയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആശങ്കയും നീക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട്, എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി തയാറാക്കിയ പുതുച്ചേരി മുഖ്യമന്ത്രിക്കുള്ള നിവേദനം മുഖ്യമന്ത്രിയുടെ പാര്‍ലിമെന്ററി സെക്രട്ടറിയും എംഎല്‍എയുമായ കെ ലക്ഷ്മി നാരായണന് കൈമാറി.

മരണവുമായി ബന്ധപെട്ടു ആരോഗ്യ വകുപ്പും സര്‍ക്കാരും കാണിക്കുന്ന നിസ്സംഗതയും കുടുംബം അനുഭവിക്കുന്ന പ്രയാസവും തുടര്‍ന്ന് ഉണ്ടാവുന്ന പൗരാവകാശ നിഷേധവും പ്രതിനിധികള്‍ അദ്ദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്തി. പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമെന്ന് ലക്ഷ്മിനാരായണന്‍ ഉറപ്പു നല്‍കി.  

Tags: