വഖ്ഫ് ബോര്‍ഡ് നിയമനം: ഇടതു സര്‍ക്കാരിന്റേത് ന്യൂനപക്ഷ വഞ്ചനയുടെ തനിയാവര്‍ത്തനമെന്ന് പി അബ്ദുല്‍ ഹമീദ്

പിഎസ്‌സി മുഖേന വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമെന്നത് ഭാവിയില്‍ നീതിപീഠങ്ങള്‍ക്ക് മുമ്പാകെ ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനു സമാനമായി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാന്‍ സാഹചര്യമൊരുക്കുന്നതുമാണ്.

Update: 2021-11-18 12:20 GMT

കോഴിക്കോട്: വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട ഇടതു സര്‍ക്കാര്‍ നടപടി ന്യൂനപക്ഷങ്ങളോട് പുലര്‍ത്തുന്ന വഞ്ചനയുടെ തനിയാവര്‍ത്തനമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഹെഡ് ഓഫിസിലും ആറ് ഡിവിഷന്‍ ഓഫിസുകളിലുമായി 130ല്‍ താഴെ ജീവനക്കാരാണ് വഖ്ഫ് ബോര്‍ഡിന് കീഴിലുള്ളത്. 30 ല്‍പരം ഒഴിവിലേക്ക് മാത്രമാണ് നേരിട്ട് നിയമനം നടത്തുന്നത്. ബാക്കി പോസ്റ്റുകളെല്ലാം പ്രമോഷന്‍ പോസ്റ്റുകളാണ്. കൂടാതെ പിഎസ്‌സി മുഖേന വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമെന്നത് ഭാവിയില്‍ നീതിപീഠങ്ങള്‍ക്ക് മുമ്പാകെ ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനു സമാനമായി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാന്‍ സാഹചര്യമൊരുക്കുന്നതുമാണ്. വിശ്വാസികള്‍ ഉന്നതമായ ലക്ഷ്യത്തോടെ മത സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഏല്‍പ്പിച്ച സ്വത്താണ് വഖഫ് വകകള്‍. അത് കൈകാര്യം ചെയ്യാന്‍ വിശ്വാസികള്‍ക്ക് തന്നെ ബാധ്യതയുണ്ട്. ഇത് തകര്‍ക്കുന്നതായിരിക്കും പുതിയ തീരുമാനം.

വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, യതീംഖാനകള്‍ക്കുള്ള സഹായം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായം എന്നീ പദ്ധതി ആനുകുല്യത്തിനായി 10 കോടി ഗ്രാന്റ് ചോദിച്ചിട്ടുപോലും നല്‍കാത്ത സര്‍ക്കാരിന്റെ അമിതാവേശം വഖ്ഫ് ബോര്‍ഡിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്ന ആശങ്ക ശരിവെക്കുന്നു. വിശ്വാസികളുടെ താല്‍പ്പര്യം പരിഗണിച്ച് ആയിരക്കണക്കിന് നിമനങ്ങള്‍ നടക്കുന്ന ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാതെ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ് നടത്തുന്നത്. ഇതേ സമീപനം തന്നെ വഖഫ് നിയമനങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags: