ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അര്‍ഹതയുള്ളവര്‍ക്ക് നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: പി ജമീല

കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ രാഷ്ട്രീയത്തിനനുസൃതമായാണ് ഇടതുസര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അട്ടിമറിച്ചിരിക്കുന്നത്

Update: 2022-03-22 14:33 GMT

തിരുവനന്തപുരം: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം നിലവില്‍ വന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അര്‍ഹതയുള്ളവര്‍ക്ക് നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, ഉദ്യോഗ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ട സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്നു പോലും പ്രസ്തുത സമൂഹത്തെ ആട്ടിയകറ്റിയ ഇടതു സര്‍ക്കാരിന്റെ വഞ്ചന അംഗീകരിക്കാനാവില്ല. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിലൂടെയാണ് ഇടതുസര്‍ക്കാര്‍ തുടര്‍ ഭരണം സാധ്യമാക്കിയത്. തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ഇടതുപക്ഷം തയ്യാറാക്കിയ വര്‍ഗീയ പ്രീണനത്തിനുള്ള ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലുള്‍പ്പെടെ നടത്തിയിരിക്കുന്ന പുനക്രമീകരണം. കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ രാഷ്ട്രീയത്തിനനുസൃതമായാണ് ഇടതുസര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അട്ടിമറിച്ചിരിക്കുന്നത്.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അതേപോലെ നടപ്പാക്കാതെ 2008ല്‍ പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയെ നിയോഗിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ആരായുകയായിരുന്നു. ഈ നിര്‍ദ്ദേശങ്ങളനുസരിച്ച് പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തെ ഉദ്ധരിക്കുന്നതിന് കൊണ്ടുവന്ന ക്ഷേമപദ്ധതികളും സ്‌കോളര്‍ഷിപ്പുകളും പിന്നീട് ന്യൂനപക്ഷ ക്ഷേമം എന്നു നാമകരണം ചെയ്തതോടെയാണ് അട്ടിമറിക്കപ്പെട്ടത്. കേരളാ സര്‍ക്കാരിന്റെ അലംഭാവം മൂലം സച്ചാര്‍ കമ്മിറ്റി മുസ്ലിം സമൂഹത്തിന് നിര്‍ദ്ദേശിച്ച ആനുകുല്യങ്ങള്‍ തടയപ്പെട്ടു. ഇതു പുനസ്ഥാപിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണം. പദ്ധതികള്‍ ലക്ഷ്യത്തിനനുസരിച്ചുള്ള പ്രാതിനിധ്യം ഉറപ്പാക്കാനും ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും പി ജമീല ആവശ്യപ്പെട്ടു. 

Tags:    

Similar News