നെന്മേണിച്ചിറ ബണ്ട് പുനര്‍നിര്‍മാണ പദ്ധതി നിര്‍ത്തിവെക്കണമെന്ന് എസ്ഡിപിഐ

Update: 2020-05-13 12:26 GMT

മാള: നെന്മേണിച്ചിറ ബണ്ട് പുനര്‍നിര്‍മാണ പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കാലത്തിനുമുന്‍പ് പണിതീര്‍ക്കാന്‍ സാധിക്കുമെന്ന് കോണ്‍ട്രാക്റ്റര്‍ക്കോ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കോ ഒരു ഉറപ്പും ഇല്ലാതിരിക്കെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പണി നടത്താന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം പാഴാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നാണ് വിമര്‍ശനം. മാത്രമല്ല, ബണ്ട് നിര്‍മാണത്തിനു വേണ്ടി ചിറ കുറുകെ കെട്ടുന്നതോടെ പ്രളയത്തില്‍ മണ്ടാക്കര, മത്തപ്പറമ്പ്, മുതലായ പാടശേഖരത്തിലെ വെള്ളം ഒഴുകിപ്പോകാനുള്ള ഏക മാര്‍ഗവും അടയും. ഇതും ജനജീവിത്തെ സാരമായി ബാധിക്കും. വൈകിയ വേളയില്‍ നടക്കുന്ന ഈ പണി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്ന വേനല്‍കാലത്തേക്ക് നീട്ടിവെക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷത്തെ പ്രളയവും 2018 ലെ മഹാപ്രളയവും മഹാദുരിതം സമ്മാനിക്കാന്‍ ഒരു കാരണം പുഴയും തോടുകളും നികത്തി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടതുകൊണ്ടാണ്. 2018 ലെ മഹാപ്രളയത്തില്‍ ദുരിതമുണ്ടായ ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രളയദുരിതം സമ്മാനിക്കുന്ന ഇത്തരം വികലമായ പണികള്‍ എന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

പദ്ധതി വേനല്‍ കാലത്തേക്ക് നീട്ടിവെച്ച് പുനര്‍നിര്‍മാണം നടത്തണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യാറിനോട് എസ്ഡിപിഐ കുഴുര്‍ പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷഫീക്, ബ്രാഞ്ച് പ്രസിഡന്റ് ഫസീക്, എസ് ഡി ടി യു മണ്ഡലം ട്രഷറര്‍ എം എസ് ഷെമീര്‍, അന്‍സാര്‍, ഫാരിസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. 

Tags:    

Similar News