ഹവാല പണമൊഴുക്ക്; ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ കസ്റ്റഡിയിലെടുത്ത പോലിസ് നടപടി അപലപനീയമെന്ന് എസ്ഡിപിഐ

ആര്‍എസ്എസ്,ബിജെപി നേതാക്കള്‍ക്കെതിരെ നിര്‍ണായക കേസുകള്‍ അട്ടിമറിച്ച പിണറായി പോലിസ് ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള സമരങ്ങളെയും വിലക്കുകയാണെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

Update: 2021-06-04 08:36 GMT

തിരുവനന്തപുരം: ഹവാല പണമിടപാടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനെത്തിയ എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മാഈലിനെയും ജില്ലാ നേതാക്കളെയും കസ്റ്റഡിയിലെടുത്ത് സമരം തടസ്സപ്പെടുത്തിയ പോലിസ് നടപടിയെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ശക്തമായി അപലപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി സംസ്ഥാനത്ത് കോടികളുടെ ഹവാല പണം ഒഴുക്കിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ആര്‍എസ്എസ്,ബിജെപി നേതാക്കള്‍ക്കെതിരെ നിര്‍ണായക കേസുകള്‍ അട്ടിമറിച്ച പിണറായി പോലിസ് ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള സമരങ്ങളെയും വിലക്കുകയാണ്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് എസ്ഡിപിഐ നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന സമരം ആസൂത്രണം ചെയ്തത്. പിണറായിയുടെ രണ്ടാം വരവോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് കാരണമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags: