വീടുകളില്‍ പോലിസ് അതിക്രമം; പോലിസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കിയാല്‍ നിയമപരമായും ജനകീയമായും നേരിടുമെന്ന് പികെ ഉസ്മാന്‍

പുലര്‍ച്ചെ മണ്ണഞ്ചേരി അടിവാരം പനക്കല്‍ ഹാരിസ്, ആര്യാട് പള്ളിമുക്ക് അസ്‌ലം എന്നിവരുടെ വീടുകളിലെത്തിയ പോലിസ് സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

Update: 2021-12-23 07:38 GMT

തിരുവനന്തപുരം: മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് പോലിസ് ശ്രമമെങ്കില്‍ നിയമപരമായും ജനകീയമായും നേരിടുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍.

പുലര്‍ച്ചെ മണ്ണഞ്ചേരി അടിവാരം പനക്കല്‍ ഹാരിസ്, ആര്യാട് പള്ളിമുക്ക് അസ്‌ലം എന്നിവരുടെ വീടുകളിലെത്തിയ പോലിസ് സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കതകുകള്‍, ജനലുകള്‍, ഗൃഹോപകരണങ്ങള്‍, ടാപ്പുകള്‍, ചെടിച്ചട്ടികള്‍, കുടിവെള്ള കണക്ഷന്‍ തുടങ്ങിയവ തല്ലിത്തകര്‍ത്ത് നിരവധി നാശനഷ്ടങ്ങളാണ് പോലിസ് ഉണ്ടാക്കിയത്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ക്കുവേണ്ടി അവരുടെ തീരുമാനം നടപ്പാക്കാനാണ് പോലീസ് നീക്കമെങ്കില്‍ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനേ ഉപകരിക്കൂ. സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും പോലിസിനെ കയറൂരി വിടുന്നത് അംഗീകരിക്കാനാവില്ല. നിരപരാധികളെ കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിക്കൂട്ടിലായ പോലിസ് വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും വിരട്ടുകയും പരാക്രമം കാണിക്കുകയും ചെയ്യുകയാണ്. ക്രമസമാധാനം തകര്‍ന്നതായി വാര്‍ത്തകള്‍ സൃഷ്ടിച്ച് കേന്ദ്ര ഇടപെടലിന് കളമൊരുക്കുകയാണ് കേരളാ പോലിസ്. സംഘപരിവാര കേന്ദ്രങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ആജ്ഞാനുവര്‍ത്തികളായി പോലിസ് മാറിയിരിക്കുകയാണെന്നും പോലിസ് അതിക്രമത്തിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പികെ ഉസ്മാന്‍ വാര്‍ത്താക്കുറുപ്പ് വ്യക്തമാക്കി.

Tags: