സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അധ്യാപക അവാര്‍ഡ് ടി വി ജലീല്‍ മാസ്റ്റര്‍ക്ക്

Update: 2022-09-04 04:19 GMT

തിരുന്നാവായ: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ 2022ലെ സംസ്ഥാന അധ്യാപക പുരസ്‌കാരമായ ലോങ്ങ് സര്‍വീസ് ഡെക്കറേഷന്‍ അവാര്‍ഡ് ടി വി ജലീല്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഐഎഎസ് അവാര്‍ഡ് സമ്മാനിച്ചു. കുറുമ്പത്തൂര്‍ ചേരുരാല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അധ്യാപകനും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ മീഡിയ കോര്‍ഡിനേറ്ററുമാണ് ജലീല്‍ മാസ്റ്റര്‍.

സ്‌കൗട്ട്, ഗൈഡ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപജില്ലാ ജില്ലാ തലങ്ങളില്‍ നിരവധി പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാം റേഡിയോ ലൈസന്‍സുള്ള ഓപ്പറേറ്റര്‍ കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സ്‌കൗട്ട് പ്രോഗ്രാമായ ജോട്ടാ ജോട്ടിയില്‍ പങ്കെടുക്കാറുണ്ട്. വിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള സ്‌നേഹഭവനം, വിദ്യാകിരണം, കൂടെയുണ്ട് കൗണ്‍സലര്‍ തുടങ്ങി ഒട്ടനവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായ മെത്തിക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കല്‍ തുടങ്ങിയ ജില്ലയിലെ നിരവധി സേവനപ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

വിവരവിനിമയ സാങ്കേതിക വിദ്യയില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തിരുന്നാവായ വൈരങ്കോട് സ്വദേശിയായ ജലീല്‍ മാസ്റ്റര്‍ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറിയാണ്.ആലത്തിയൂര്‍ കെ എച്ച് എം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഗൈഡ് അധ്യാപികയും ജില്ലാ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ റംഷീദയാണ് ഭാര്യ. മക്കളായ മിന്‍ഹ റൈഞ്ചര്‍ അംഗവും രാജ്യ പുരസ്‌കാര്‍ അവാര്‍ഡ് ജേതാവും മിഷല്‍ സ്‌കൗട്ടും മിവാന്‍ ബണ്ണീസ് അംഗവുമാണ്.

Tags: