ഒരു വര്‍ഷം 1000 റണ്‍സിലധികം നേടിയത് എട്ട് തവണ; സച്ചിന്റെ റെക്കോഡ് പിന്തള്ളി കോഹ്‌ലി

94 പന്തിലാണ് താരം 88 റണ്‍സെടുത്തത്.

Update: 2023-11-02 11:32 GMT

മുംബൈ: ഏകദിന ക്രിക്കറ്റില്‍ വീണ്ടും പുതിയ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി . ഏറ്റവുമധികം തവണ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരേ മികച്ച രീതിയില്‍ ബാറ്റുചെയ്തതോടെ 2023-ല്‍ കോഹ്‌ലിയുടെ ഏകദിന റണ്‍സ് 1000 കടന്നു. മത്സരത്തിന്റെ 11-ാം ഓവറിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരേ 34 റണ്‍സ് നേടിയതോടെയാണ് കോഹ്‌ലി സച്ചിനെ മറികടന്നത്. ഇത് എട്ടാം തവണയാണ് താരം ഒരു വര്‍ഷം 1000 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്റെ പേരിലുള്ള റെക്കോഡ് കോഹ്‌ലി തകര്‍ത്തു. സച്ചിന്‍ ഏഴുതവണയാണ് 1000 റണ്‍സ് മറികടന്നത്.

ശ്രീലങ്കയ്‌ക്കെതിരേ കോഹ്‌ലി ഇന്ന് 88 റണ്‍സിന് പുറത്തായി. 94 പന്തിലാണ് താരം 88 റണ്‍സെടുത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാമതാണ്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ താരം സച്ചിന്‍ സ്ഥാപിച്ച സര്‍വകാല റെക്കോഡിനൊപ്പമെത്തി ചരിത്രം കുറിക്കും.





Tags:    

Similar News