'സ്‌കൂളുകളെ മാനേജ്‌മെന്റ ശാഖകളാക്കി മാറ്റുന്നു'; വ്യാസ വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ
പാലക്കാട്: ആര്‍എസ്എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസ വിദ്യ പീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ വ്യാജകാരണങ്ങള്‍ നിരത്തുന്ന മാനേജ്‌മെന്റിന്റേത് പല തെറ്റുകള്‍ മറയ്ക്കാനുള്ള ശ്രമമാണെന്നും അറിവ് നല്‍കേണ്ട സ്‌കൂളുകളെ ശാഖകളാക്കി മാറ്റുകയും വിദ്യാര്‍ഥികളെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് ഇവര്‍ പിന്തുടരുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ റാഗിങ് ഉള്‍പ്പടെയുള്ള ഗുരുതരമായ വിഷയങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടും അതിനെതിരെ നടപടിയെടുക്കാത്തത് തികഞ്ഞ അനാസ്ഥയാണ്. മരണപ്പെട്ട വിദ്യാര്‍ഥിനി ക്രൂരമായ റാഗിങ്ങിനിരയായി എന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പടെയുള്ള അധികാരികളോട് പരാതി പറഞ്ഞെങ്കിലും തക്കതായ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ഥിിനിയുടെ പിതാവ് പറയുന്നു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജനുവരി 21നാണ് ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ഹോസ്റ്റലില്‍ വച്ച് തൂങ്ങിമരിച്ചത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രുദ്ര. ജനുവരി 21ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സുഹൃത്തുകള്‍ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ഹോസ്റ്റലിലെ മറ്റു കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.
