ബീഫ് കറിവച്ചുകൊണ്ടുവന്നെന്ന് സഹപ്രവര്‍ത്തകയുടെ പരാതി: അസമില്‍ സ്‌കൂള്‍ടീച്ചര്‍ അറസ്റ്റില്‍

Update: 2022-05-19 12:32 GMT

ഗുവാഹത്തി: ലഞ്ച് ബോക്‌സില്‍ ബീഫ് കറിയുണ്ടെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അസമില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സിനെ അറസ്റ്റ് ചെയ്തു. ലഖിപൂര്‍ ജില്ലയിലെ ഗോപാല്‍പാറയില്‍ ഹുര്‍കാച്ചുംഗി മിഡില്‍ ഇംഗ്ലീഷ് സ്‌കൂളിലെ ദലിമ നെസ്സയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

അസമില്‍ ബീഫ് നിരോധിച്ചിട്ടില്ലെങ്കിലും 'അസം കാറ്റില്‍ പ്രസര്‍വേഷന്‍ നിയമ'നുസരിച്ച് ഹിന്ദുക്കളും ജൈനരും സിഖുകാരും ഭൂരിപക്ഷമുള്ള മേഖലകളില്‍ പശുക്കളുടെ വില്‍പ്പനയും കൈമാറ്റവും നിരോധിച്ചിട്ടുണ്ട്.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിലാണ് നടപടിയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 153എ, 259എ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അധ്യാപിക സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്നുവെന്നും സ്റ്റാഫ് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്‌തെന്നും മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചു. മെയ് 14നാണ് സംഭവമെന്നാണ് ആരോപണം.

അധ്യാപിക ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Similar News