സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ അഞ്ചിന് പുറത്തിറക്കും; മന്ത്രി വിളിച്ചുചേര്‍ത്ത ആദ്യഘട്ട യോഗങ്ങള്‍ അവസാനിച്ചു

നിശ്ചിത ദിവസത്തിനകം ക്ലാസുകള്‍ തുടങ്ങാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു

Update: 2021-10-03 10:38 GMT

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത ആദ്യഘട്ട യോഗങ്ങള്‍ അവസാനിച്ചു. ഞായറാഴ്ച ഡിഇഒ, എഇഒ ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്. അധ്യാപക പരിശീലനം സംബന്ധിച്ച കാര്യങ്ങളും കൊവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകള്‍ നടത്തുന്നതിനുള്ള സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു. നിശ്ചിത ദിവസത്തിനകം ക്ലാസുകള്‍ തുടങ്ങാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്.

കഴിഞ്ഞ മൂന്നു നാല് ദിവസത്തിനകം പൊതുസമൂഹത്തിന്റെ പരിച്ഛേദമായി നിരവധി സംഘടനകളുടെ യോഗങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്തു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. ഇതുസംബന്ധിച്ച മാര്‍ഗ രേഖ അഞ്ചാം തിയ്യതി പുറത്തിറക്കാന്‍ ഉള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

അധ്യാപക സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ പിന്തുണയാണ് ഈ സംഘടനകള്‍ അറിയിച്ചത്. ഡിഡിഇ, ആര്‍ഡിഡി, എ ഡി ഉദ്യോഗസ്ഥരുടേയും യോഗങ്ങള്‍ ചേര്‍ന്നു. മേയര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ തദ്ദേശ ഭരണ സ്ഥാപന മേധാവികളും പിന്തുണ ഉറപ്പ് നല്‍കി. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Tags:    

Similar News