അസം, മിസോറം അതിര്‍ത്തിയില്‍ സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തു

Update: 2021-08-14 15:02 GMT

ഗുവാഹത്തി: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മണിക്കൂറികള്‍ ബാക്കി നില്‍ക്കെ അസം, മിസോറം അതിര്‍ത്തിയില്‍ സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തു. അസമിലെ ഹെയ്‌ലകന്‍ഡി ജില്ലയിലെ പ്രൈമറി സ്‌കൂളാണ് തകര്‍ത്തത്. വെള്ളിയാഴ്ച പാതിരാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. 

സഹെബ്മാര എല്‍പി സ്‌കൂള്‍ സ്‌കൂളിന്റെ ഏതാനും ഭാഗങ്ങളാണ് ബോംബിട്ട് തകര്‍ത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുലിവാല പ്രൈമറി സ്‌കൂള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു.

വെള്ളിയാഴ്ച പാതിരാത്രിയിലാണ് ആക്രമണം നടന്നതെന്ന് ഹെയ്‌ലകന്‍ഡി എസ് പി ഗൗരവ് ഉപാധ്യായ പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

മിസോറമില്‍ നിന്നുള്ള ചിലരാണ് ആക്രമണത്തിനു പിന്നിലെന്ന് അസം പോലിസ് പറയുന്നു. ഗുട്ട്ഗുട്ടി പോലിസ് ഔട്ട് പോസ്റ്റിനു കീഴിലാണ് ബോംബാക്രമണം നടന്നത്. ആക്രമണം നടന്നശേഷം പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രദേശവാസികളില്‍ ഭീതി വിതക്കുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് പോലിസ് പറഞ്ഞു.ഫെബ്രുവരിയില്‍ നടന്ന ബോംബാക്രമണം സമീപപ്രദേശങ്ങളിലെ നൂറു കണക്കിനു കുടുംബങ്ങളില്‍ ഭീതി വിതച്ചിരുന്നു.

അസമും മിസോറമും തമ്മിലുണ്ടായ അതിര്‍ത്തിത്തര്‍ക്കം അസം, മിസോറം പ്രദേശങ്ങള്‍ പരസ്പരം സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നതിലേക്കെത്തിയിരുന്നു.  

Tags: