സ്‌കൂള്‍ പ്രവേശനം മെയ് 18 മുതല്‍; പ്രവേശനത്തിനുള്ള മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിച്ചു

Update: 2020-05-15 16:46 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും മെയ് 18 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. പ്രവേശനവും വിടുതലും സംബന്ധിച്ച മാര്‍ഗരേഖയും പുറത്തിറക്കി.

പുതിയ മാര്‍ഗരേഖ അനുസരിച്ച് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനം മെയ് 18ന് ആരംഭിക്കും. പ്രവേശന നടപടികള്‍ കൊവിഡ് 19 സംബന്ധിച്ച പൊതുമാനദണ്ഡപ്രകാരമായിരിക്കണം.

പ്രവേശനം നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ ചെയ്യാം. സ്‌കൂളില്‍ നേരിട്ടെത്തുന്നവര്‍ സര്‍ക്കാരിന്റെ കൊവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായിപാലിക്കണം. ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ചെയ്യാം. പ്രവേശന സമയത്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്കും താല്‍ക്കാലികമായി പ്രവേശനം നല്‍കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്. വിദ്യാഭ്യാസ ഓഫിസര്‍മാരോടും പ്രധാന അധ്യാപകരോടും പരമാവധി ഉദാരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പുതുതായി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വഴിയുള്ള പ്രേവശനവും സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറപ്പെടുവിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

വിടുതല്‍ സര്‍ട്ടിഫിക്കറ്റുകളും സമ്പൂര്‍ണ വഴി നല്‍കാവുന്നതാണ്.

Tags: