പട്ടികവര്‍ഗ പദവി അനുവദിക്കണം; കുര്‍മി സമുദായക്കാരുടെ ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക്

Update: 2022-09-21 07:02 GMT

പുരുലിയ: പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് കുര്‍മി സമുദായാംഗങ്ങള്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ബുധനാഴ്ച പുരുലിയയില്‍ നൂറുകണക്കിന് സമുദായപ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.

ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. ആയിരക്കണക്കിന് പേരാണ് തെക്ക് കിഴക്കന്‍ റെയില്‍വേയുടെ റെയില്‍വേ ട്രാക്കുകളിലേക്ക് ഇരച്ചെത്തിയത്. ഖരഗ്പൂര്‍, ഖെമസുലി, പുരുലിയ എന്നിവിടങ്ങളിലാണ് ട്രെയിനുകള്‍ തടഞ്ഞത്.

ജംഗിള്‍ മഹല്‍ മേഖലയിലെ അഞ്ച് വ്യത്യസ്ത സംഘടനകളുടെ സഹകരണത്തോടെയാണ് സമരം നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ കൂര്‍മ്മലി ഭാഷ ഉള്‍പ്പെടുത്താനും പട്ടികവര്‍ഗ പദവി നല്‍കാനും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് ആവശ്യം.

സ്വാതന്ത്ര്യത്തിനുശേഷം തങ്ങളുടെ പട്ടികവര്‍ഗ പദവി തങ്ങള്‍ക്കറിയാത്ത കാരണങ്ങളാല്‍ എടുത്തുമാറ്റുകയായിരുന്നുവെന്നാണ് കുര്‍മി സംഘടനകളുടെ വാദം. 1931ല്‍ കുര്‍മികള്‍ പട്ടികവര്‍ഗമായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.

നേരത്തെ, 2021 മാര്‍ച്ച് 16ന്, കുര്‍മികളെ പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയിലെയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെയും എംഎല്‍എമാര്‍ ജാര്‍ഖണ്ഡ് നിയമസഭാവളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

'കുര്‍മി ജാതിയെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ നിരവധി ദിവസങ്ങളായി ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' സിന്ദ്രിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഇന്ദ്രജിത് മഹാതോ പറഞ്ഞു.

Tags: