മാധ്യമമേഖലയില്‍ ശമ്പളം വെട്ടിച്ചുരുക്കുന്നതിനെതിരേ സുപ്രിം കോടതിയില്‍ പൊതുതാല്പര്യ ഹരജി

Update: 2020-04-27 09:41 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടയില്‍ മാധ്യമസ്ഥാപനങ്ങളില്‍ ലെ ഓഫ് പ്രഖ്യാപിച്ചതിനും ശമ്പളം വെട്ടിക്കുറച്ചതിനുമെതിരേ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൗള്‍, ജസ്റ്റിസ് ബിആര്‍ ഗവായി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹരജിയില്‍ നോട്ടിസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിനു പുറമെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവയ്ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

പല മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നുവെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വ്‌സ് കോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെയെന്ന് കോടതി പറഞ്ഞു. പരാതിയുടെ ഒരു കോപ്പി സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.

നാഷണല്‍ ആലിയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്‌സ്, ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍, ബിഹാന്‍ മുംബൈ യൂണിറ്റ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് തുടങ്ങിയവരാണ് പരാതി നല്‍കിയത്. പരാതിക്കാര്‍ വിഷയത്തില്‍ കോടതിയുടെ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യപ്പെട്ടു. 

രാജ്യത്തെ നിരവധി മാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 30 ശതമാനം വരെ ശമ്പളം വെട്ടിച്ചുരുക്കിയവരും ഉണ്ട്.

Tags: