കൊവിഡ് 19: എസ്ബിഐയുടെ വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഹെഡ് ഓഫിസ് പൂട്ടി

Update: 2020-07-09 18:29 GMT

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ വടക്ക് കിഴക്കന്‍ ഏഷ്യയിലെ ഹെഡ് ഓഫിസ് അടച്ചുപൂട്ടി. ഓഫിസിലെ അഞ്ച് പേര്‍ക്ക് കൂടി രണ്ട് ദിവസത്തിനുളളില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

നിലവില്‍ എസ്ബിഐയുടെ റീജ്യനല്‍ ഓഫിസില്‍ 27 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തിരുന്നു.

കാംരൂപ് മെട്രോപോളിറ്റന്‍ ഡപ്യൂട്ടി കമ്മീഷണര്‍ ബിശ്വജിത്ത് പെഗുവാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഇരിക്കുന്ന കോംപ്ലക്‌സിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിടാന്‍ നിര്‍ദേശിച്ചത്.

ബാങ്കിന്റെ ഹെഡ് ഓഫിസ് അസമിലെ സെക്രട്ടറിയേറ്റിന് നേര എതിര്‍വശത്താണ് പ്രവര്‍ത്തിക്കുന്നതെന്നതുകൊണ്ടാണ് പെട്ടെന്ന് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവേശിക്കുന്നത് പുതിയ ഉത്തരവ് വരുന്നതുവരെ നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് എല്ലാ തരത്തിലുള്ള വാഹനഗതാഗതവും നിരോധിച്ചിട്ടുണ്ട്.

എസ്ബിഐയിലെ വിവിധ ബ്രാഞ്ചുകളിലായി 90 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. ഓഫിസിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവില്‍ ഉപയോഗിക്കേണ്ടതില്ലെന്ന് ബാങ്ക് തീരുമാനിച്ചിരുന്നു. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നത് നിര്‍ബന്ധവുമാക്കിയിട്ടുമുണ്ട്.  

Tags:    

Similar News