'റിപബ്ലിക്കിനെ രക്ഷിക്കുക'; ബുദ്ധിജീവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പോപുലർ ഫ്രണ്ട്

Update: 2022-03-29 07:37 GMT

ന്യൂഡല്‍ഹി; പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി യൂനിറ്റ് ബുദ്ധിജീവി സംഗമം സംഘടിപ്പിച്ചു. മാര്‍ച്ച് 26ന് ലോധി ഗാര്‍ഡനിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലായിരുന്നു പരിപാടി. 'സേവ് ദ റിപ്പബ്ലിക്' എന്ന കാംപയിന്റെ ഭാഗമായിരുന്നു പരിപാടി. പരിപാടിയില്‍ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മതപണ്ഡിതര്‍, സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് മുഖ്യാതിഥിയായിരുന്നു. സൗത്ത് ഏഷ്യ ഡോക്യുമെന്റേഷന്‍ ഡയറക്ടര്‍ രവി നായര്‍, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ഡല്‍ഹി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ വര്‍മ്മ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദ് എന്നിവരും പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

'സേവ് ദ റിപ്പബ്ലിക്' സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ കാംപയിനുകളില്‍ ഒന്നാണ്. ജനുവരി 26ന് കന്യാകുമാരിയില്‍ ഉദ്ഘാടനം ചെയ്ത കാംപയിന്‍ ആഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കും. വര്‍ഗീയ മതഭ്രാന്തില്‍ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളില്‍ നിന്നും റിപബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും ഭരണഘടനാ തത്വങ്ങള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികളിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. രാഷ്ട്രത്തിന്റെ ജനാധിപത്യപരവും ബഹുസ്വരവുമായ സ്വഭാവം സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് സമാനമായ നിരവധി പരിപാടികള്‍ രാജ്യത്ത് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.